സൂപ്പര്‍‌സ്റ്റാറുകള്‍ ശക്തരാണ്..സൂക്ഷിക്കുക.

സൂപ്പര്‍ താരങ്ങള്‍ക്ക് പണി കിട്ടി. ആരാണു കഥയിലെ വില്ലന്‍ എന്നറിയാന്‍ ക്ലൈമാക്സ് വരെ കാത്തിരിക്കണം. സൂപ്പര്‍ താരങ്ങളായതിനാല്‍ ഡബ്‌ള്‍ ക്ലൈമാക്സിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ കഥയില്‍ വില്ലനാവാന്‍ മാത്രം മിടുക്കുള്ള ഒരു യുവനായകനും മലയാളത്തിലില്ല എന്നിരിക്കെ പൊതുജനങ്ങളുടെ സംശയങ്ങള്‍ നിര്‍മ്മാതാക്കളിലേക്കും അവരുടെ സംഘടനകളിലേക്കും നീങ്ങിയാല്‍ ആരും അത്ഭുതപ്പെടേണ്ട.

ഒന്നരക്കോടി രൂപ ശമ്പളം വാങ്ങുന്ന ഏതൊരാള്‍ക്കും അതിന്റെയൊരു ഭാഗം പലരും കയ്യിട്ടുവാരുന്ന നികുതിപ്പെട്ടിയിലേക്ക് നിക്ഷേപിക്കാന്‍ മടിയുണ്ടാകും, അയാള്‍ മനുഷ്യനായിരിക്കുന്ന കാലത്തോളം. ഇനി, ആദായ നികുതി ഡയറക്ടറുടെ വരവില്‍ കവിഞ്ഞ സ്വത്തിനെക്കുറിച്ച് ഒരന്വേഷണം നടത്തിയാല്‍ അദ്ദേഹവും ഇത്തരത്തില്‍ മനുഷ്യന്‍ തന്നെയണെന്നു നമുക്കുറപ്പിക്കാന്‍ കഴിഞ്ഞേക്കും. താരപദവി ഇല്ലാത്ത എത്രയോ മനുഷ്യന്‍‌മാരുടെ നികുതി വെട്ടിപ്പിന്റെ കഥകളാണ് നമ്മളൊക്കെ അറിയാതെ പോയിട്ടുണ്ടാവുക. അതൊക്കെ പത്രമാധ്യമങ്ങളില്‍ വരാതെ ഒതുക്കാന്‍ മാത്രം എത്രരൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് ആരൊക്കെ സമ്പാദിച്ചിട്ടുണ്ടാകും!

അപ്പോ ഒതുക്കലിനാണു കാശ്. മമ്മുട്ടിയും മോഹന്‍ലാലും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ കഴിഞ്ഞ ആഴ്ചയോ അല്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു റെയ്ഡും പൊല്ലാപ്പും. അതും രണ്ടുപേര്‍ക്കും എതിരെ ഒന്നിച്ച്? സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടാല്‍ മനസിലാക്കാം. അവര്‍ ഒരേ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരാണ്, ഒന്നിച്ച് നടപടി നേരിടാന്‍ ബാധ്യസ്ഥരാണ്. പക്ഷെ സൂപ്പര്‍ താരം എന്നത് സര്‍ട്ടിഫിക്കറ്റോ നിയമനങ്ങളോ ഇല്ലാത്ത ഒരു സാങ്കല്‍‌പിക പദവിയാണെന്നിരിക്കെ രണ്ടുപേരെയും ഒന്നിച്ചു ചോദ്യം ചെയ്യാനും നടപടിയിലേക്ക് നീങ്ങാനും എന്താണു കാരണം. ഇനി, ഒരാള്‍ അനധികൃതമായി സമ്പാദിച്ചു എന്ന വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ മറ്റേ ആളെക്കൂടി റെയ്ഡ് ചെയ്യാനുള്ള ന്യായീകരണം എന്താണ്?

അതിനാല്‍, ഇവിടെ ഒരു ഒതുക്കല്‍ നടക്കുന്നില്ലേ എന്നു ബലമായും സംശയിക്കാന്‍ കാരണമുണ്ട്. അത്രപെട്ടെന്ന് ഒതുങ്ങുന്നവരാണോ സൂപ്പറുകള്‍ എന്നത് മറ്റൊരു ചോദ്യമാണ്. ഒരാളെ ഒറ്റക്ക് റെയ്ഡ് ചെയ്തിരുന്നെങ്കില്‍ അയാള്‍ പ്രതിരോധത്തിലാകുമായിരുന്നു. ഇതിപ്പോ രണ്ടുപേരും കൂടി ഒന്നിച്ച് നിയമത്തെ നേരിടുംബോള്‍ അവര്‍ സ്വാഭാവികമായും ശക്‌തരായേക്കും,സിനിമയിലേതിനേക്കാള്‍. അങ്ങനെ ഈ റെയ്ഡും പുകിലും എല്ലാം അവര്‍ ഒന്നിച്ച് ഒതുക്കിക്കളഞ്ഞേക്കാം, സിനിമാസ്റ്റൈലില്‍. അങ്ങനെ ഒതുങ്ങാതിരിക്കാന്‍ മാത്രം ശക്തിയൊന്നും നമ്മുടെ നിയമ സം‌വിധാനം ഇതേവരെ പ്രകടമാക്കിയിട്ടില്ല.

ഇനി അറിയേണ്ട കാര്യം, ഈ ഒതുക്കല്‍, തിരിച്ചൊതുക്കല്‍ തിരക്കഥകളിലൂടെ ആരൊക്കെ എത്രയൊക്കെ സമ്പാദിച്ചു എന്നല്ല! അതെല്ലാം എവിടെയൊക്കെ എങ്ങനെയൊക്കെ പൂഴ്ത്തി വച്ചു എന്നാണ്? സിനിമക്ക് ടിക്കറ്റ് കിട്ടാതെ നില്‍ക്കുന്ന കുട്ടപ്പന്‍ ചോദിക്കുമ്പോള്‍ പറയാനല്ല; റേഷന്‍ കടയില്‍നിന്നും അരികിട്ടാതെ തിരിച്ചു പോകുന്ന കാര്‍ത്തു ചോദിക്കുമ്പോള്‍ പറയാനാണ്.!

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?