ഗീരീഷ് പുത്തഞ്ചേരി അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ഗീരീഷ് പുത്തഞ്ചേരി (49) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വൈകീട്ടോടെ വഷളാവുകയായിരുന്നു. മലയാളസിനിമയില്‍ മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് പാട്ടുകളെഴുതിയ ഗിരീഷ് പുത്തഞ്ചേരിയുടെ മിക്ക ഗാനങ്ങളും ഏറെ ജനപ്രീതിയും ആസ്വാദകശ്രദ്ധയും നേടിയവയാണ്. പാട്ടെഴുത്തിന് ഏഴ് തവണ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയില്‍ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ല്‍ ലാണ് ഗിരീഷ് പുത്തഞ്ചേരി ജനിച്ചത്. ജ്യോതിഷം,വൈദ്യം,വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതനായിരുന്നു പിതാവ്. അമ്മ മീനാക്ഷിയമ്മ കര്‍ണ്ണാടക സംഗീതവിദുഷിയായിരുന്നു. പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്‌കൂള്‍, പാലോറ സെക്കന്ററി സ്‌കൂള്‍, ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. ആകാശവാണിയുടെ വിവിധ നിലയങ്ങള്‍ക്ക് ലളിതഗാനങ്ങളെഴുതിക്കൊണ്ടാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തില്‍ ചുവടുവെച്ചത്. അഞ്ഞൂറോളം അമച്വര്‍ നാടകങ്ങള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. 1981 ല്‍ ആകാശവാണിക്ക് വേണ്ടി തുടങ്ങിയ പാട്ടെഴുത്ത് 1988 ല്‍ 'ചക്രവാളത്തിനപ്പുറം' എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കും കടന്നത്. ഇതുവരെ മുന്നൂറില്‍ പരം ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. നിലാവിന്റെ നീലഭസ്മ..(അഗ്നിദേവന്‍-1995), പിന്നെയും പിന്നെയും..(കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്-1997), കനകമുന്തിരികള്‍..(പുനരധിവാസം-1999), ആകാശ ദീപങ്ങള്‍ സാക്ഷി..(രാവണപ്രഭു-2001), കാര്‍മുകില്‍ വര്‍ണ്ണന്റെ..(നന്ദനം-2002), ഉറങ്ങാതെ രാവുറങ്ങീല..(ഗൗരീശങ്കരം-2003),കണ്ണും നട്ട് കാത്തിരുന്നിട്ടും..(കഥാവശേഷന്‍-2004) എന്നീ ഗാനങ്ങളാണ് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്. മേലേപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രത്തിനു കഥയും കിന്നരിപ്പുഴയോരം, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കും നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചു. ഷഡ്ജം, തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ: ബീന. മക്കള്‍: ജിതിന്‍ കൃഷ്ണന്‍, ദിനനാഥ്, കഥാപാത്രത്തെയും കഥാസന്ദര്‍വും മനസ്സിലാക്കി പാട്ടെഴുതാനുള്ള കഴിവ് തന്നെയാണ് തന്റെ പ്ലസ് പോയിന്റെന്ന് പുത്തഞ്ചേരി പലപ്പോഴും പറയാറുണ്ടായിരുന്നു.

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?