കേരളത്തില്‍ ഏപ്രില്‍ 10നു തെരഞ്ഞെടുപ്പു നടക്കും


16ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒമ്പതു ഘട്ടമായി നടക്കും. ഏപ്രില്‍ ഏഴു മുതല്‍ മെയ് 12 വരെയാകും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. മെയ് 16നു വോട്ടെണ്ണല്‍ നടക്കും. കേരളത്തില്‍ ഏപ്രില്‍ 10നു തെരഞ്ഞെടുപ്പു നടക്കും. ഏപ്രില്‍ ഏഴ്, ഒമ്പത്, 10, 12, 17, 24, 30, മെയ് ഏഴ്, മെയ് 12 എന്നീ ദിവസങ്ങളിലാകും തെരഞ്ഞെടുപ്പു നടക്കുക. 65 പേജുള്ള വാര്‍ത്താകുറിപ്പാണു തെരഞ്ഞെടുപ്പു കമ്മിഷണര്‍ പുറത്തിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നതായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം രാജ്യത്ത് 81.4 കോടി വോട്ടര്‍മാര്‍ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 10 കോടി അധികമാണിത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നതടക്കമുള്ള പരാതികള്‍ കണക്കിലെടുത്ത്, പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരു തവണകൂടി അവസരം നല്‍കും. ഇതിനായി എല്ലാ പോളിങ് സ്റ്റേഷനുകളിലും മാര്‍ച്ച് ഒമ്പതിനു ബൂത്ത് ലെവല്‍ ഓഫിസര്‍ സിറ്റിങ് നടത്തും. ബൂത്ത് ലെവല്‍ ഓഫിസറുടെ പക്കലുള്ള വോട്ടര്‍ പട്ടികയില്‍ സമ്മതിദായകര്‍ക്ക് പേരുകള്‍ പരിശോധിക്കുകയുമാകാം. 930000 പോളിങ് സ്റ്റേഷനുകളാണു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 12 ശതമാനം പോളിങ് സ്റ്റേഷനുകള്‍ ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചുതന്നെയായിരിക്കും വോട്ടിങ്. സുപ്രീംകോടതി ഉത്തരവു പ്രകാരം നോട്ട ബട്ടണ്‍ വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരിക്കും. ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പും ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരിക്കും. നേരത്തെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഈ രീതി പരീക്ഷിച്ചിരുന്നു. വോട്ടേഴ്സ് സ്ലിപ്പുകള്‍ സമ്മതിദായകരുടെ വീടുകളിലെത്തിക്കും. സമാധാനപരവും സുരക്ഷിതവുമായും തെരഞ്ഞെടുപ്പു നടത്തുന്നതനുള്ള സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തും. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പണം ചെലവാക്കുന്നതിനെക്കുറിച്ചു കമ്മിഷന്‍ സൂക്ഷ്മമമായി നിരീക്ഷിക്കും.

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?