സ്‌ട്രെസ്സില്ലാതില്ല ജീവിതം

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് മാനസികസംഘര്‍ഷവും അതു മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് എന്നു പറയാറുണ്ട്. എന്നാല്‍, അതിനപ്പുറം വ്യക്തിത്വസവിശേഷതകള്‍ക്കും ഇക്കാര്യത്തില്‍ പ്രാധാന്യമേറെയുണ്ട്


സ്‌ട്രെസ്സില്ലാതില്ല ജീവിതം
ഏതാണ്ടെല്ലാ മനുഷ്യരെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്‌ട്രെസ്സ് ബാധിക്കാറുണ്ട്. സ്‌ട്രെസ്സ് ഇല്ലാതെ ജീവിതമില്ല എന്നു തന്നെ പറയാം. സ്‌ട്രെസ്സ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ, അതു നമ്മെ വല്ലാതെ ടെന്‍ഷനടിപ്പിക്കുന്ന എന്തോ ആണെന്നു തോന്നും. സ്‌ട്രെസ്സ് കൂടുമ്പോള്‍ ഒരുതരം പരിഭ്രാന്തിയും പേടിയുമൊക്കെ തോന്നും. ഒരു പരിധിവരെ ഈ സ്‌ട്രെസ്സ് നല്ലതുതന്നെയാണ്. ഈ സ്‌ട്രെസ്സ് കൂടിയേ തീരൂ. മാനസിക സമ്മര്‍ദ്ദം പരിധിയിലധികമാവുമ്പോഴാണ് അതു പ്രശ്‌നമാവുക.

നല്ല സ്‌ട്രെസ്
ഒരല്പം സ്‌ട്രെസ്സുണ്ടാകുന്നത് നമ്മുടെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്താനും ജീവിതം കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കും. അല്പം മനസ്സംഘര്‍ഷമുണ്ടായിരിക്കുന്നത് മുന്‍കരുതലുകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും നമ്മെ പ്രേരിപ്പിക്കും. പരീക്ഷ അടുത്തു വരുമ്പോള്‍ ഒരല്പം ടെന്‍ഷനൊക്കെയില്ലെങ്കില്‍ വേണ്ടത്ര ശ്രദ്ധയോടെ പഠിക്കാനായെന്നു വരില്ല. മല്‍സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുമ്പോഴും മറ്റു മല്‍സരങ്ങള്‍ക്കൊരുങ്ങുമ്പോഴും ഇങ്ങനെ ഒരല്‍പം ടെന്‍ഷന്‍ ഉണ്ടായിരിക്കണം. ഈ സ്‌ട്രെസ്സാണ് മുന്നൊരുക്കങ്ങള്‍ക്കു പ്രചോദനമാവുക.
നല്ല സ്‌ട്രെസ്സിനെ യൂസ്‌ട്രെസ് എന്നും ചീത്ത സ്‌ട്രെസ്സിനെ ഡിസ്‌ട്രെസ് എന്നും പറയുന്നു. സ്‌ട്രെസ് കൂടിക്കൂടി പരിധിവിടുന്നതോടെ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാവും. യൂസ്‌ട്രെസ് അതിന്റെ പരമാവധിയില്‍ നിര്‍ത്താനും ഡിസ്‌ട്രെസ് ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ മികച്ച കര്‍മശേഷി പുലര്‍ത്താനും മെച്ചപ്പെട്ട ഫലം നേടാനും കഴിയുകയുള്ളൂ.

ഡിസ്‌ട്രെസ് ബാധിക്കുന്നത് ആരെ?
ഓരോരുത്തരെയും സ്‌ട്രെസ്സ് ബാധിക്കുന്നത് ഓരോ വിധത്തിലാണ്. ചിലര്‍ ഫലപ്രദമായി സ്‌ട്രെസ്സ് നിയന്ത്രിക്കും. പലര്‍ക്കും അതിനു കഴിയാറില്ല. ചെറിയ കാരണങ്ങളുടെ പേരില്‍പോലും വല്ലാതെ ടെന്‍ഷനായി ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയിലായിപ്പോകുന്നവരുണ്ട്.

സാഹചര്യങ്ങളും പ്രശ്‌നങ്ങളും മാത്രമല്ല സ്‌ട്രെസ്സ് നിര്‍ണയിക്കുന്നത്. വ്യക്തിത്വസവിശേഷതകള്‍ ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. സാഹചര്യങ്ങളെ നേരിടാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ഓരോരുത്തര്‍ക്കുമുള്ള കഴിവ് വ്യത്യസ്തമാണ്. ജനിതകസവിശേഷതകള്‍, പാരമ്പര്യം, വളരുന്ന സാഹചര്യം, ചിന്താരീതികള്‍, വിശ്വാസസംഹിതകള്‍, സാമൂഹിക സാഹചര്യങ്ങള്‍ തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ കഴിവ് നിര്‍ണയിക്കപ്പെടുന്നത്.

വ്യക്തിത്വ സവിശേഷതകള്‍
അങ്ങേയറ്റം സങ്കീര്‍ണവും നിര്‍വചിക്കാന്‍ വിഷമംപിടിച്ചതുമായ കാര്യമാ ണ് വ്യക്തിത്വം. എങ്കിലും ചില പൊതുസവിശേഷതകളുടെ അടിസ്ഥാനത്തില്‍ ആളുകളെ എ-ടൈപ്പ് എന്നും ബി-ടൈപ്പ് എന്നും തരംതിരിക്കാറുണ്ട്.

എ-ടൈപ്പ്: എല്ലാ കാര്യങ്ങള്‍ക്കും വളരെയേറെ തിടുക്കം കൂട്ടുകയും അക്ഷമ പ്രകടിപ്പിക്കുകയും കൂടുതല്‍ നേട്ടങ്ങള്‍ക്കു ശ്രമിക്കുകയും കൂടുതല്‍ അധ്വാനിക്കാന്‍ തയ്യാറാവുകയും ഒക്കെ ചെയ്യുന്ന തിടുക്കക്കാരാണ് എ- ടൈപ്പ് വ്യക്തികള്‍. ഇത്തരക്കാരില്‍ നല്ലൊരു പങ്കും വിജയം പിടിച്ചെടുക്കുന്നവരും ഉന്നതങ്ങളിലെത്തുന്നവരുമാണ്; അതേസമയം ഒരു സമാധാനവുമില്ലാതെ എപ്പോഴും ടെന്‍ഷനടിച്ചു നടക്കുന്നവരും.
സ്‌ട്രെസ്സ് കൂടുന്നതുകൊണ്ടുള്ള ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് എ-ടൈപ്പ് വ്യക്തിത്വമുള്ളവരാണ്. പരാജയങ്ങളില്‍ വല്ലാതെ വിഷമിക്കുക, എല്ലാറ്റിനോടും അസഹിഷ്ണുത പുലര്‍ത്തുക, പെട്ടെന്നു ദേഷ്യം വരിക തുടങ്ങിയവയൊക്കെ എ-ടൈപ്പ് വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്.

ബി-ടൈപ്പ്: താരതമ്യേന ശാന്തരും സമാധാനമുള്ളവരുമാണ് ബി-ടൈപ്പ് വ്യക്തികള്‍. ജീവിതത്തോട് സമചിത്തതയാര്‍ന്ന കാഴ്ചപ്പാടു പുലര്‍ത്താന്‍ കഴിയുന്നവര്‍. ഒരു കാര്യത്തിലും വല്ലാതെ ടെന്‍ഷനാവുകയോ പരാജയങ്ങളില്‍ അത്യധികമായി വിഷമിക്കുകയോ ചെയ്യാറില്ല. നേട്ടങ്ങള്‍ക്കുവേണ്ടിയോ

ലക്ഷ്യപ്രാപ്തിക്കുവേണ്ടിയോ വാശിയോടെ പരിശ്രമിക്കുന്നവരല്ല പലപ്പോഴും ഇവര്‍. പലപ്പോഴും ബി-ടൈപ്പ് വ്യക്തിത്വമുള്ളവരില്‍ ഒരു തരം അലസത പ്രകടമാണ്. ഈ അലസതയും വല്ലാത്ത തണുപ്പന്‍ മനോഭാവവും ജീവിതത്തില്‍ പലപ്പോഴും ഗുണകരമായില്ലെന്നു വരും.

എ-ടൈപ്പോ ബി-ടൈപ്പോ
എ-ടൈപ്പിന്റെയോ ബി-ടൈപ്പിന്‍േറയോ സവിശേഷതകള്‍ പൂര്‍ണമായി ചേരുന്ന ആളുകള്‍ കുറവായിരിക്കും. ഏതെങ്കിലുമൊരു ടൈപ്പിന്റെ സവിശേഷതകള്‍ കൂടുതലാവുന്നത് ഗുണകരവുമല്ല. വാശിയോ ടെന്‍ഷനോ വേണ്ടിടത്ത് അവ ഉണ്ടാവണം. അവ കൂടുതലായി, ഒന്നും വേണ്ടവണ്ണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാകാനും പാടില്ല. വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കി സാഹചര്യങ്ങളോടു പൊരുത്തപ്പെടാനാകുംവിധം സ്വയം മാറാനുള്ള കഴിവ് ഓരോരുത്തരും നേടണം. സ്വയം തീരുമാനിച്ച് അങ്ങനെ മാറാന്‍ ശ്രമിക്കുന്നത് അത്രയേറെ വിഷമമുള്ള കാര്യമല്ല.

എ-ടൈപ്പ് വ്യക്തിത്വമുള്ളവര്‍ തങ്ങളുടെ അസഹിഷ്ണുതയും തിടുക്കവുമൊക്കെ ബോധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിക്കണം. കൂടുതല്‍ സംസാരിക്കാനും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും യത്‌നിക്കുന്നവരാണ് എ-ടൈപ്പ് ആളുകള്‍. മറ്റുള്ളവര്‍ക്കു പലതും പറയാനുണ്ടാവുമെന്നും അതു ശ്രദ്ധിക്കണമെന്നും മനസ്സിലാക്കണം. അതിനു ശ്രമിക്കണം. ദേഷ്യവും അസഹിഷ്ണുതയും നിയന്ത്രിക്കാനായില്ലെങ്കില്‍ അത് വ്യക്തിപരമായും സാമൂഹികമായും പലവിധ പ്രശ്‌നങ്ങളുണ്ടാക്കും. സ്വന്തം വ്യക്തിത്വ സവിശേഷതകളെക്കുറിച്ചും അതുകൊണ്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയാല്‍ വളരെയെളുപ്പം സ്വയം നിയന്ത്രിക്കാന്‍ കഴിയും.

അന്തര്‍മുഖരും ബഹിര്‍മുഖരും
പെരുമാറ്റ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ രണ്ടായി തിരിക്കുന്ന ഒരു വിഭജന രീതിയാണ് അന്തര്‍മുഖര്‍-ബഹിര്‍മുഖര്‍
എന്നത്. എല്ലാവരോടും എളുപ്പം ഇടപഴകുകയും ഏറെ സംസാരിക്കുകയും ആഘോഷമായി നടക്കുകയും ചെയ്യുന്നവരാണ് ബഹിര്‍മുഖരെന്നു കരുതപ്പെടുന്നത്. പൊതുവെ ലജ്ജാശീലരും എല്ലാറ്റില്‍ നിന്നും ഒട്ടൊന്നകന്നു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരും ഏകാന്തതയില്‍ താല്‍പര്യമുള്ളവരുമാണ് അന്തര്‍മുഖര്‍. ഇതില്‍ ഒരു രീതി മറ്റേതിനേക്കാള്‍ മെച്ചമാണെന്ന് ഇന്നാരും കരുതുന്നില്ല. എന്നാല്‍, അന്തര്‍മുഖത്വം സ്‌ട്രെസ്സിനു കാരണമാണെന്ന് ഒരു സങ്കല്‍പമുണ്ട്. സ്‌ട്രെസ്സ് മൂലം ആത്മപീഡനങ്ങള്‍ക്കും ചിലപ്പോള്‍ ആത്മഹത്യയ്ക്കും തുനിയുന്നത് പൊതുവെ അന്തര്‍മുഖരാണ്.

അന്തര്‍മുഖത്വം സര്‍ഗാത്മകശേഷികളുടെയും ഉള്‍ക്കരുത്തിന്റെയും സൂചനയാണെന്നും ധാരണകളുണ്ട്.
തികഞ്ഞ അന്തര്‍മുഖത്വമോ തികഞ്ഞ ബഹിര്‍മുഖത്വമോ പുലര്‍ത്തുന്നതിനെക്കാള്‍, ഫലപ്രദമായ ഒരു മധ്യമാര്‍ഗം സ്വീകരിക്കുന്നതാണ് സാധാരണ ഗതിയില്‍ ഗുണകരം. മനസ്സോടെ പരിശ്രമിച്ചാല്‍ വലിയൊരളവോളം സ്വന്തം വ്യക്തിത്വം സ്വയം നിര്‍ണയിക്കാനാവും.


ദൃഢവ്യക്തിത്വം
ഏതു കടുത്ത സാഹചര്യങ്ങളിലും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതെ അചഞ്ചലരായി നില്‍ക്കുന്നവരുണ്ട്. അത്തരക്കാര്‍ പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവും മനോനിയന്ത്രണശേഷിയുമുള്ളവരായിരിക്കും.
ജോലിയിലും ജീവിതത്തിലും തികഞ്ഞ താല്‍പര്യത്തോടെ മുഴുകി ജീവിക്കുന്നതാണ് പ്രതിബദ്ധത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
നിശ്ചയദാര്‍ഢ്യം - ഏതു പ്രതികൂല സാഹചര്യത്തെയും ഒരവസരമായി കണ്ട് ധൈര്യസമേതം മുന്നോട്ടു പോവുക.
മനോനിയന്ത്രണം- സാഹചര്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോവാതെ അവയെ സ്വന്തം വരുതിയില്‍ കൊണ്ടുവരാനുള്ള മനക്കരുത്താണിത്.

'ബി പോസിറ്റീവ്...'
ഏതു കാര്യമായാലും അതിന്റെ ദോഷവശങ്ങള്‍ മാത്രം കാണുന്ന ചിലരുണ്ട്. അത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല. ഏതു കാര്യമായാലും അതിന്റെ ഗുണവശങ്ങള്‍ കാണുന്നത് ശീലമാക്കുക. ജീവിതവിജയത്തിനും ആഹ്ലാദത്തിനും അത് ഏറെ സഹായകമായിരിക്കും. സ്വന്തം കഴിവുകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം. കഴിവുകളില്‍ വല്ലാതെ അഹങ്കരിക്കുകയും അമിതമായി വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. അതു പലപ്പോഴും പരാജയത്തിലേക്കേ നയിക്കൂ. ലക്ഷ്യങ്ങളും ആഗ്രഹങ്ങളും കഴിവിനനുസരിച്ചു നിജപ്പെടുത്താന്‍ കഴിയണം.



ജയ്‌ജൂണ്‍ ഗ്രൂപ്പ്‌ മെയിലുകള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുക. കൂടാതെ അവരെയെല്ലാം ഈ ഗ്രൂപ്പിലേക്ക് ക്ഷണിക്കുക..

ഗ്രൂപ്പ്‌ മെയിലുകള്‍ ഇഷ്ടമാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?