Silence Movie Review


നായകനും വില്ലനും സ്ലോ മോഷനില്‍ കാറോടിക്കുകയും പരസ്പരം കലിതല്ലി തീര്‍ക്കുകയും ചെയ്യുന്ന പതിവ് ത്രില്ലര്‍ സിനിമകള്‍ക്ക് നിശബ്ദമായ മറുപടിയാണ് വി.കെ. പ്രകാശ്, മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ സൈലന്‍സ്. മികച്ച തിരക്കഥ തന്നെയാണ് സിനിമയുടെനട്ടെല്ലെന്ന് തെളിയിക്കുകമാത്രമല്ല മികച്ച കഥാപാത്രത്തെ വെല്ലുവിളികളോടെ എങ്ങനെ അവതരിപ്പിക്കാം എന്നതിനുകൂടി ഉദാഹരണമാണ് സൈലന്‍സ്. സ്വന്തം കഥാപാത്രം തന്നെ പലതവണ തോല്‍പ്പിക്കുന്ന ഒരു നായകനെ നമുക്ക് സമീപകാല മലയാള സിനിമകളില്‍ കാണാന്‍ കഴിയാറേ ഇല്ല. വില്ലനെ ആദ്യ പകുതിക്കുമുന്നേ തട്ടുപൊളിപ്പന്‍ ഡയലോഗിലും പഞ്ചുള്ള ഇടിയിലും ഒതുക്കുന്ന അമാനുഷികന്‍ ഇതിലില്ല. പകരം നെഞ്ചില്‍ ചേക്കേറിയ വലിയൊരു കുടുക്കിന്റെ കെട്ടഴിക്കാന്‍ നിശബ്ദമായി ഓടി അലയുന്ന ഒരു അഭിഭാഷകന്‍. പക്ഷേ അയാള്‍ക്കൊപ്പം സിനിമയും പ്രേക്ഷകനും ഒഴുകി നീങ്ങി പോകുന്നുണ്ട്. കഥയുടെ അവസാന ഷോട്ട് വരെ വേവുനിറച്ച യാത്രക്ക് പ്രേക്ഷകനെ തയാറാക്കുന്നതില്‍ സംവിധായകന്‍ വി.കെ പ്രകാശും തിരക്കഥാ എസ്.വൈ രാജേഷും വിജയിച്ചു. മമ്മൂട്ടിയുടെ കരിയറില്‍ മികച്ച വക്കീല്‍ വേഷങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. കോടതിമുറിയില്‍ പ്രതിഭാഗം വക്കീലിനേയും എതിര്‍ കക്ഷികളേയും വെള്ളം കുടിപ്പിക്കുന്ന വാചകക്കസറത്തുകൊണ്ട് കയ്യടി വാങ്ങിയ കഥാപാത്രങ്ങള്‍ . പക്ഷേ ഇവിടെ കര്‍ണാടകാ ഹൈക്കോടതിയിലേക്ക് ജഡ്ജിയായി നിയമിതനാകുന്ന അഡ്വ. അരവിന്ദ് ചന്ദ്രശേഖര്‍ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. നിശബ്ദമായ തുടക്കത്തില്‍ തന്നെ മികച്ച സിനിമയുടെ ഒതുക്കം ബോധ്യമാകും. ജഡ്ജായി നിയമിതനായി ആഹ്ളാദിച്ച് നാട്ടിലേക്ക് എത്തുന്ന അരവിന്ദിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പഴയകേസിന്റെ നിഴലാണ് സിനിമയുടെ കാതല്‍. അതുവരെ മുഖത്ത് കരുതിവെച്ച എല്ലാ ആത്മവിശ്വാസവും ഒന്നൊന്നായി ഒലിച്ചു പോകുന്ന കാഴ്ചയിലൂടെ പുതോഗമിക്കുന്ന സിനിമ അവസാന സീന്‍വരെ പ്രേക്ഷകനോട് നീതിപുലര്‍ത്തി കടന്നു പോന്നുണ്ട്. ഈ കഥാപാത്രത്തിന് യോജിക്കുന്ന നടന്‍ ആരെന്ന് സംശയം തോന്നാത്ത വിധം കയ്യൊതുക്കത്തോടെ മമ്മൂട്ടി അതിന് ജീവന്‍ കൊടുത്തിട്ടുണ്ട്. കോടതി മുറിയിലെ വക്കീല്‍, വീട്ടിലെ അച്ഛന്‍ പിന്നെ തറവാട്ടിലെ മകന്‍ അങ്ങനെ വിവിധ സാഹചര്യങ്ങളില്‍ വ്യത്യസ്തമായ ചുവടുകള്‍ പരീക്ഷിക്കുന്ന നടനെ നമുക്കിതില്‍ കാണാം. കുഞ്ഞിനെ കാണാതെ പോകുന്ന സീനില്‍ അതുവരെ മുഖത്തണിഞ്ഞിരുന്ന ആത്മവിശ്വാസം അഴിഞ്ഞു വീഴുന്നത് കാഴ്ചക്കാരനില്‍ നന്നായി എത്തിക്കുന്നുണ്ട് മമ്മൂട്ടി. അമിതാഭിനയത്തിന് സാഹചര്യമുള്ള നിരവധി സീനുകളില്‍ പക്വതയുള്ളൊരു നടനായി മമ്മൂട്ടി മാറുന്നുണ്ട്. നിര്‍ണായകമായ കാര്‍ ചെയ്സിംഗ് സീന്‍ പോലും കൈവിട്ടുപോകാതെ മമ്മൂട്ടി കൈകാര്യം ചെയ്യുന്നുണ്ട്. ഏതൊരു ത്രില്ലര്‍ സിനിമയിലും പാളാവുന്ന ഒന്നു തന്നെയാണ് കാര്‍ ചേസിംങ്ങ്. കൊമേഴ്സ്യല്‍ മേമ്പൊടിക്ക് വേണ്ടി തീ തുപ്പുന്ന സീനുകള്‍ ഒരുക്കാമായിരുന്നിട്ടും ഇവിടെ അത് ഒഴിവാക്കി യാഥാര്‍ഥ്യത്തിന്റെ തീവ്രതയോടെ സീനുകള്‍ സൂഷ്മമായി അവതരിപ്പിക്കുകയാണ്. കണ്‍മുന്നില്‍ നടക്കുന്നത് സിനിമയാണെന്ന് പലപ്പോഴും തോന്നിപ്പിക്കാതെ നമുക്കിടയില്‍ സിനിമ ജീവിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന അനുഭവമാണ് മിക്ക സീനുകള്‍ക്കും. അമാനുഷികനായ നായകനില്ലാതെയും നല്ലൊരു ത്രില്ലര്‍ സിനിമ പ്രേക്ഷകനെ മടുപ്പിക്കാതെ കൊണ്ടുപോകാം എന്ന് സൈലന്‍സ് തെളിയിക്കുന്നുണ്ട്. പി.പദ്മരാജന്റെ കരിയിലക്കാറ്റ് പോലെ എന്ന സിനിമ മലയാളത്തിലെ മികച്ച പൊയറ്റിക്ക്ത്രില്ലറായി കണക്കാക്കുന്നുണ്ട്. കാരണം തുടക്കം മുതല്‍ അവസാനം വരെ ഒരു കവിതപോലെ ബന്ധങ്ങളെ തുന്നിചേര്‍ത്ത് കടന്നുപോകുന്നുണ്ട് ആ സിനിമ. ആ അര്‍ഥത്തില്‍ മികച്ച കാഴ്ചാനുഭവം പകരുന്ന സൈലന്‍സ് മലയാളത്തിലെ പുതിയ പൊയറ്റിക്ക് ത്രില്ലറായി പ്രേക്ഷകര്‍ സ്വീകരിക്കും. കാരണം ബന്ധങ്ങളും സ്നേഹവും അകലവും അടുപ്പവും കണ്ണികള്‍ തെറ്റാതെ ഒട്ടിച്ചു വെച്ചിട്ടുണ്ട് വി.കെ.പി ഈ സൈലന്‍സില്‍. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ആത്മാവുള്ള കഥാപാത്രമായി അഡ്വ. അരവിന്ദ് ചന്ദ്രശേഖറിനെയും ചില്ലിട്ട് സൂക്ഷിക്കാം, ഒപ്പം വി.കെ പ്രകാശിന്റെ മികച്ച സിനിമയായും ഈ നിശബ്ദ യുദ്ധത്തെ കാഴ്ചക്കാരന്‍ സ്വീകരിക്കും.

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?